2014, ഡിസംബർ 28, ഞായറാഴ്‌ച

നവമാനവികതയുടെ 22 തീസീസുകൾ - II



ഭാഗം രണ്ട് : 

( പതിനൊന്നു  മുതൽ പതിന്നാല്  വരെ  തീസീസുകൾ )


പതിനൊന്ന്

ഏകാധിപത്യം സ്വയം ശാശ്വതീകരിക്കാനുള്ള പ്രവണത കാണിക്കും. രാഷ്ട്രീയ സ്വേഛാധിപത്യത്തിൻ കീഴിലുള്ള ആസൂത്രിത സമ്പദ് ഘടന കാര്യക്ഷമതയുടെയും കൂട്ടായ യത്നത്തിന്റെയും  സാമൂഹ്യ പുരോഗതിയുടെയും ഒഴിവുകഴിവ് പറഞ്ഞ്  വ്യക്തിസ്വാതന്ത്ര്യത്തെ അവഗണിക്കുന്നു. തത്ഫലമായി ഇപ്പോൾ സങ്കല്പിക്കുന്നതു പോലുള്ള സോഷ്യലിസ്റ്റ്  സമൂഹത്തിലെ ഉന്നത രൂപത്തിലുള്ള ജനാധിപത്യം അസാദ്ധ്യമായിത്തീരുന്നു. ഏകാധിപത്യം അതിൻറെ പ്രഖ്യാപിത ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നു.


പന്ത്രണ്ട്

ഔപചാരിക പാർലമെന്ററി ജനാധിപത്യത്തിൻറെ തകരാറുകൾ അനുഭവത്തിൽ വെളിപ്പെട്ടിട്ടുണ്ട്. അധികാരനിയോഗത്തിൽ നിന്നാണ്‌ അവ ഉണ്ടാകുന്നതു്. ജനാധിപത്യം ഫലപ്രദമാകണമെങ്കിൽ അധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കണം. വല്ലപ്പോഴുമല്ല, അനുദിനം ജനങ്ങൾക്ക്‌ പരമാധികാരം പ്രയോഗിക്കാൻ വഴിയുണ്ടായിരിക്കണം. അണുപ്രായരായിത്തീർന്ന പൌരന്മാരായ വ്യക്തികൾ  ഫലത്തിൽ മിക്കവാറും എല്ലായ്പ്പോഴും ദുർബലന്മാരായിരിക്കും. അവർക്ക് തങ്ങളുടെ പരമാധികാരം പ്രയോഗിക്കാനും രാഷ്ട്രയന്ത്രത്തെ സ്ഥിരമായി നിയന്ത്രിക്കാനും ഒരു മാർഗ്ഗവുമില്ല.


പതിമൂന്ന്


ഔപചാരിക പാർലമെന്ററി ജനാധിപത്യത്തിൻ കീഴിൽ ലിബറലിസം അയഥാർത് ഥീകരിക്കപ്പെടുകയോ അപഹാസ്യമാക്കപ്പെടുകയോ ചെയ്തിരിക്കുന്നു. മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിനുള്ള നിയമപരമായ അനുവാദ പ്രമാണം മാത്രമാണ്‌ ലെയ്സെ ഫെയർ (laissez faire) സിദ്ധാന്തം. വ്യക്തിവാദത്തിൻറെ വിമോചനപരമായ സിദ്ധാന്തത്തെ സാമ്പത്തിക മനുഷ്യൻ എന്ന  സങ്കൽപ്പം നിഷേധിക്കുന്നു. സാമ്പത്തിക മനുഷ്യൻ അടിമയോ അടിമയുടെ ഉടമയോ ആയിരുന്നേ പറ്റൂ. ഈ അധമ സങ്കൽപ്പത്തിൻറെ സ്ഥാനത്ത്  വാസനാപരമായി യുക്തിബോധമുള്ളവനും  യുക്തിബോധമുള്ളതിനാൽ ധാർമ്മികനുമായ ജീവി എന്ന യാഥാർത്ഥ്യം പ്രതിഷ് ഠിക്കപ്പെടണം. ധാർമ്മികത മനസ്സാക്ഷിയോടുള്ള നിവേദനമാണ് ; മനസ്സാക്ഷിയാകട്ടെ പരിത:സ്ഥിതിയെ ക്കുറിച്ചുള്ള വാസനാപരമായ ബോധവും അതിൻറെ നേരെയുള്ള പ്രതികരണവുമാണ് . ബോധത്തിന്റെ തലത്തിലുള്ള യാന്ത്രിക - രാസ വിശദീകരണ വിധേയമായ ജീവശാസ്ത്ര ധർമ്മമാണ് (mechanistic biological function on the level of consciousness) അതു് . അതുകൊണ്ട് അതു് യുക്തിപരവുമാണ്‌.

പതിന്നാല്

പാർലമെന്ററി ജനാധിപത്യത്തിനു പകരം വയ്ക്കേണ്ടത് എകാധിപത്യമല്ല. അധികാരമില്ലാത്ത അണുപ്രായരായ പൌരന്മാരുടെ ഔപചാരിക ജനാധിപത്യത്തിനു പകരം വരേണ്ടത് സംഘടിത ജനാധിപത്യമാണ്. രാജ്യമാസകലം വ്യാപിച്ചു കിടക്കുന്ന ജനകീയ സമിതികൾ രൂപം നല്കുന്ന സംഘടിത ജനാധിപത്യത്തിൻറെ അടിത്തറയിന്മേൽ പടുത്തുയർത്തിയ ഒരു പിരമിഡ് ശില്പം പോലെയുള്ള രാഷ്ട്രത്തിൻറെ മേലറ്റമായിരിക്കണം പാർലമെന്റ്. സമൂഹത്തിൻറെ രാഷ്ട്രീയ സംഘടന  (ഭരണകൂടം ,the State) മുഴുവൻ സമുദായത്തോടും ഏകീഭവിക്കും. തൽഫലമായി രാഷ്ട്രം എല്ലായ്പോഴും ജനകീയ നിയന്ത്രണത്തിൽ ആയിരിക്കും.  



( തുടരും )


( ഭാഷാന്തരം : പ്രൊഫ . തോമസ്‌  മാത്യു )


2014, ഡിസംബർ 27, ശനിയാഴ്‌ച

നവമാനവികതയുടെ 22 തീസീസുകൾ - I

 

  ഭാഗം ഒന്നു് :


 നവമാനവികതയുടെ ഒന്നു് മുതൽ പത്തു വരെ  തീസീസുകൾ    


ഒന്നു് 

മനുഷ്യനാണ് സമുദായത്തിൻറെ മൂലരൂപം . സഹകരണാത്മകമായ സാമൂഹ്യബന്ധങ്ങൾ വ്യക്തികളുടെ നിലീനശക്തികളുടെ വികാസത്തെ സഹായിക്കുന്നു. എന്നാൽ വ്യക്തികളുടെ വളർച്ചയാണ് സാമൂഹ്യ പുരോഗതിയുടെ മാനദണ്ഡം. സമഷ്ടി, വ്യക്തികളുടെ നിലനില്പിനെ സിദ്ധവല്ക്കരിക്കുന്നു. വ്യക്തികൾ യഥാർഥത്തിൽ  അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ക്ഷേമത്തിന്റെയും ആകെത്തുക എന്ന നിലയ്ക്കൽലാത്ത സാമൂഹ്യ വിമോചനവും പുരോഗതിയും ഒരിക്കലും പ്രാപിക്കാനാകാത്ത സാങ്കല്പികാദർശങ്ങൾ മാത്രമാണ് . ക്ഷേമം, അത്  യഥാർത്ഥമാണെങ്കിൽ , ആസ്വദിക്കുന്നത് വ്യക്തികളാണ് . മനുഷ്യ സമുദായത്തിൻറെ ഏതെങ്കിലും രൂപത്തിനു (രാഷ്ട്രം , വർഗ്ഗം തുടങ്ങിയവ ഉദാഹരണങ്ങൾ ) ഒരു സമഷ്ട്യാഹംബോധം ഉണ്ടെന്നു പറയുന്നത്‌ തെറ്റാണ് . കാരണം അത് വ്യക്തിയെ ബലികൊടുക്കലായിരിക്കും . വ്യക്തിക്ഷേമത്തിന്റെ നിർവഹണം മാത്രമാണ് സമഷ്ടിയുടെ ക്ഷേമം .


രണ്ട് 


മാനവപുരോഗതിയുടെ മൗലിക ത്വരയുടെ ഘടകങ്ങൾ സ്വാതന്ത്ര്യത്തിനും സത്യത്തിനും വേണ്ടിയുള്ള അന്വേഷണമാണ് . സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വേഷണം നിലനില്പിനുവേണ്ടിയുള്ള ജീവശാസ്ത്രപരമായ പോരാട്ടത്തിൻറെ ഉയർന്ന തലത്തിലുള്ള  - ബുദ്ധിയുടെയും വികാരത്തിന്റെയും തലത്തിലുള്ള - തുടർച്ചയാണ് . സത്യത്തിനുവേണ്ടിയുള്ള അന്വേഷണമാകട്ടെ അതിൻറെ അനന്തരഫലവും . പ്രകൃതിയെക്കുറിച്ചുള്ള ക്കുറിച്ചുള്ള അറിവിന്റെ വളർച്ച  പ്രകൃതി പ്രതിഭാസങ്ങളുടെയും ഭൌതികവും സാമൂഹ്യവുമായ പരിതോവസ്ഥകളുടെയും നിഷ്‌ഠൂ  രാധിപത്യത്തിൽ നിന്ന് പടിപടിയായി സ്വാതന്ത്ര്യം  നേടാൻ മനുഷ്യനെ സഹായിക്കുന്നു . 

അറിവിൻറെ ഉള്ളടക്കമാണ് സത്യം .



മൂന്നു്



വ്യക്തിയുടേതായാലും സമഷ്ടിയുടേതായാലും യുക്തിസഹമായ എൽലാ മാനവ യത്നങ്ങളുടെയും ലക്ഷ്യം കൂടുതൽ കൂടുതൽ അളവിൽ സ്വാതന്ത്ര്യം നേടുക എന്നതാണ്‌ . മനുഷ്യജീവികൾ എന്ന നിലയ്ക്ക് - യാന്ത്രികമായ സാമൂഹ്യ ഘടനയിലെ ചക്രത്തിൻറെ പൽലുകൾ എന്ന നിലയ്കല്ല - വ്യക്തികളുടെ നിലീന ശക്തികളുടെ വികസനത്തെ തടയുന്ന എല്ലാറ്റിൻറെയും പടിപടിയായ നിരോധനമാണ് സ്വാതന്ത്ര്യം. അതുകൊണ്ട് ഏതു കൂട്ടായ പ്രവർത്തനത്തിന്റെയും സാമൂഹ്യ സംഘടനയുടെയും പുരോഗമനപരവും വിമോചനപരവുമായ പ്രാധാന്യത്തിന്റെ അളവുകോൽ വ്യക്തിയുടെ സ്ഥാനമായിരിക്കും. കൂട്ടായ ഏതു യത്നത്തിന്റെയും വിജയം അളക്കേണ്ടത്‌ അതിൻറെ ഘടകങ്ങൾക്കു യഥാർത്ഥത്തിൽ ലഭിച്ച ഗുണത്തിന്റെ തോത് വച്ചാണ് .


നാല്


നിയമബദ്ധമായ ഭൌതിക പ്രകൃതിയുടെ പശ്ചാത്തലത്തിൽ നിന്നു് ആവിർഭവിച്ച മനുഷ്യജീവി മൗലികമായും യുക്തിബോധമുള്ളവനാണ്. യുക്തിബോധം ജീവശാസ്ത്രപരമായ ഒരു ഗുണമാകയാൽ അതു് ഇച്ഹാശക്തിക്കു വിരുദ്ധമൽല .ധിഷണാശക്തിയെയും വികാരത്തെയും ജീവശാസ്ത്രപരമായ ഒരു പൊതുചേഛദകത്തിലേക്ക് ചുരുക്കി കൊണ്ടുവരാം. അതുകൊണ്ട് ചരിത്രപരമായ നിർണ്ണയവാദം ഇച്ച്ഛയുടെ സ്വാതന്ത്ര്യത്തെ തിരസ്കരിക്കുന്നില്ല. യഥാർത്ഥത്തിൽ മനുഷ്യൻറെ ഇച്ക്ഹാശക്തി ഏറ്റവും ശക്തിയുള്ള നിർണ്ണായക ഘടകമാണ് . അല്ലായിരുന്നെങ്കിൽ ചരിത്രത്തിൻറെ യുക്തിയാൽ നിർണീതമായ പ്രക്രിയയിൽ വിപ്ളവത്തിനു ഇടം കിട്ടുമായിരുന്നില്ല. യുക്തിപൂർവ്വവും ശാസ്ത്രീയവുമായ നിർണ്ണയവാദത്തെ ഹേതുവാദപരമോ മതപരമോ ആയ വിധിവാദവുമായി കൂട്ടിക്കുഴയ്ക്കരുത്.


അഞ്ച്


ചരിത്രത്തിൻറെ സാമ്പത്തിക വ്യാഖ്യാനം ഭൌതിക വാദത്തിൻറെ തെറ്റായ വ്യാഖ്യാനത്തിൽ നിന്നു ഉണ്ടായതാണ്‌ . ഭൌതികവാദം ഏകതാദർശനമായിരിക്കുമ്പോൾ അത് ദ്വൈതവാദമാണ് . ചരിത്രം നിർണ്ണയിക്കപ്പെട്ട പ്രക്രിയയാണ്. എന്നാൽ അതിന് ഒന്നിലേറെ കാരണ ഘടകങ്ങളാണ് . മനുഷ്യേച്ക്ഹ അതിലൊന്നാണ് . അതിനെയാകട്ടേ എപ്പോഴും ഏതെങ്കിലും സാമ്പത്തിക ചോദനയോടു നേരിട്ടു ബന്ധപ്പെടുത്താനും കഴിയില്ല.


ആറ്


പരിതസ്ഥിതിയെ സംബന്ധിക്കുന്ന ബോധത്തിൽ നിന്നുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ് ആശയവല്ക്കരണം . എന്നാൽ രൂപപ്പെട്ടു കഴിഞ്ഞാൽ ആശയങ്ങൾ സ്വന്ത നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടു കൊണ്ട് സ്വയം നിലനില്ക്കും . ആശയങ്ങളുടെ ചലനാത്മകത സാമൂഹ്യ പരിണാമ പ്രക്രിയക്ക് സമാന്തരമായി പരസ്പരം സ്വാധീനിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുന്നു . എന്നാൽ, സമഗ്രമായ മനുഷ്യ പരിണാമ പ്രക്രിയയിൽ പ്രത്യേക ഘട്ടത്തിൽ ഒരിടത്തും ചരിത്ര സംഭവങ്ങൾക്കും ആശയപ്രസ്ഥാനങ്ങൾക്കും തമ്മിൽ നേരിട്ട് കാരണ ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ സാധ്യമല്ല . (ആശയം എന്ന് ഇവിടെ പ്രയോഗിക്കുന്നത് പ്രത്യയശാസ്ത്രം അഥവാ ആശയപദ്ധതി എന്ന സാധാരണ തത്വചിന്താപരമായ അർത്ഥത്തിലാണ് .) . സാംസ്കാരിക രൂപമാതൃകകളും ധാർമ്മിക മൂല്യങ്ങളും സ്ഥാപിത സാമ്പത്തിക ബന്ധങ്ങളുടെ പ്രത്യയശാസ്ത്രപരമായ വെറും മേലെടുപ്പുകൾ മാത്രമല്ല. അവയും ചരിത്രപരമായി - ആശയങ്ങളുടെ ചരിത്രത്തിൻറെ യുക്തിയാൽ - നിർണ്ണയിക്കപ്പെട്ടവയാണ് . 


ഏഴ്


സ്വാതന്ത്യത്തിന്റെ ഒരു പുതിയ ലോകം സൃഷ്ടിക്കാൻ സമുദായത്തിന്റെ സാമ്പത്തിക പുന:സംവിധാനത്തിനപ്പുറത്തേക്ക് വിപ്ലവം പോകണം. മർദ്ദിതരുടെയും ചൂഷിതരുടെയും വർഗ്ഗത്തിൻറെയും പേരിൽ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ഉല്പാദന ഉപകരണങ്ങളുടെ കാര്യത്തിൽ സ്വകാര്യ സ്വത്ത് നിരോധിക്കുകയും ചെയ്യുന്നത്തിൻറെ പിന്നാലെ അനിവാര്യമായും സ്വാതന്ത്ര്യം വരികയില്ല.


എട്ട്


കമ്മ്യൂണിസം അഥവാ സോഷ്യലിസം സ്വാതന്ത്ര്യം എന്ന ലക്ഷ്യം പ്രാപിക്കാനുള്ള മാർഗ്ഗമാണെന്നു വിചാരിക്കാം; ഈ ലക്ഷ്യം നേടാൻ അതു് എത്ര മാത്രം ഉപയുക്തമാണെന്ന കാര്യം അനുഭവം കൊണ്ട് വിലയിരുത്തേണ്ടതാണ്. രക്തമാംസങ്ങളുള്ള മനുഷ്യനെ സാങ്കല്പികമായ ഒരു സമഷ്ട്യാഹംബോധത്തിനു് , അതു് രാഷ്ട്രമോ വർഗ്ഗമോ ആയിക്കൊള്ളട്ടെ , അടിമപ്പെടുത്തുന്ന രാഷ്ട്രീയ സമ്പ്രദായവും സാമ്പത്തിക പരീക്ഷണവും സ്വാതന്ത്ര്യം എന്ന ലക്ഷ്യം പ്രാപിക്കാൻ ഉതകുന്ന മാർഗ്ഗമാകാൻ സാദ്ധ്യതയില്ല. ഒരു വശത്ത് , സ്വാതന്ത്ര്യത്തിന്റെ നിഷേധം സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കും എന്നു വാദിക്കുന്നത് അസംബന്ധമാണ് ; മറുവശത്ത്, സാങ്കൽപ്പികമായ സമഷ്ട്യാഹംബോധത്തിന്റെ അൾത്താരയിൽ വ്യക്തിയെ ബലികഴിക്കുന്നത് സ്വാതന്ത്ര്യം അല്ല. വ്യക്തിയുടെ പരമാധികാരത്തെ അംഗീകരിക്കാതിരിക്കുകയും സ്വാതന്ത്ര്യം എന്ന ആദർശത്തെ പൊള്ളയായ അമൂർത്തവത്കരണമായി തള്ളിക്കളയുകയും ചെയ്യുന്ന ഏതു സാമൂഹ്യ ദർശനത്തിനും സാമൂഹ്യ പുനർനിർമ്മാണ പദ്ധതിയ്ക്കും പുരോഗമനപരവും വിപ്ലവപരവുമായ പ്രാധാന്യം വളരെ പരിമിതമായിരിക്കും.


ഒൻപത്‌


രാഷ്ട്രം സമൂഹത്തിൻറെ രാഷ്ട്രീയ സംഘടനയാകയാൽ അതു് കമ്മ്യൂണിസത്തിൽ കൊഴിഞ്ഞു പോകുമെന്ന് പറയുന്നത് അനുഭവത്തിൽ തകർന്നു പോകുന്ന ഒരു ഉട്ടോപ്യ ആണ്. സാമൂഹ്യവത്കരിക്കപ്പെട്ട വ്യവസായങ്ങളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രിത സമ്പദ്ഘടന ശക്തമായ രാഷ്ട്രീയ യന്ത്ര സംവിധാനത്തെ സിദ്ധവത്കരിക്കുന്നു. ആ യന്ത്ര സംവിധാനത്തിന്മേലുള്ള ജനകീയ നിയന്ത്രണത്തിനു മാത്രമെ പുതിയ വ്യവസ്ഥിതിയിൽ സ്വാതന്ത്ര്യം ഉറപ്പു നല്കാൻ കഴിയു. രാഷ്ട്രീയമായ ജനാധിപത്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻറെയും അടിസ്ഥാനമുണ്ടെങ്കിൽ ഉപയോഗത്തിനു വേണ്ടിയുള്ള ഉല്പാദനത്തിന്റെ ആസൂത്രണം സാദ്ധ്യമാണ്.


പത്ത്


രാഷ്ട്രത്തിൻറെ ഉടമസ്ഥതയും ആസൂത്രിത സമ്പദ്ഘടനയും കൊണ്ടു മാത്രം അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നതു് അവസാനിക്കുകയില്ല. അതു് അനിവാര്യമായും സമ്പത്തിൻറെ തുല്യ വിതരണത്തിലേക്ക് നയിക്കുകയുമില്ല. സാമ്പത്തിക ജനാധിപത്യം രാഷ്ട്രീയ ജനാധിപത്യത്തിന്റെ അഭാവത്തിൽ അസാധ്യമാണ്. ആദ്യത്തേതിന്റെ അഭാവത്തിൽ രണ്ടാമത്തേത് അസാധ്യമായിരിക്കുന്നത് പോലെ ത്തന്നെ.




( തുടരും )

( ഭാഷാന്തരം : പ്രൊഫ . തോമസ്‌  മാത്യു )