2014, ഡിസംബർ 28, ഞായറാഴ്‌ച

നവമാനവികതയുടെ 22 തീസീസുകൾ - IIഭാഗം രണ്ട് : 

( പതിനൊന്നു  മുതൽ പതിന്നാല്  വരെ  തീസീസുകൾ )


പതിനൊന്ന്

ഏകാധിപത്യം സ്വയം ശാശ്വതീകരിക്കാനുള്ള പ്രവണത കാണിക്കും. രാഷ്ട്രീയ സ്വേഛാധിപത്യത്തിൻ കീഴിലുള്ള ആസൂത്രിത സമ്പദ് ഘടന കാര്യക്ഷമതയുടെയും കൂട്ടായ യത്നത്തിന്റെയും  സാമൂഹ്യ പുരോഗതിയുടെയും ഒഴിവുകഴിവ് പറഞ്ഞ്  വ്യക്തിസ്വാതന്ത്ര്യത്തെ അവഗണിക്കുന്നു. തത്ഫലമായി ഇപ്പോൾ സങ്കല്പിക്കുന്നതു പോലുള്ള സോഷ്യലിസ്റ്റ്  സമൂഹത്തിലെ ഉന്നത രൂപത്തിലുള്ള ജനാധിപത്യം അസാദ്ധ്യമായിത്തീരുന്നു. ഏകാധിപത്യം അതിൻറെ പ്രഖ്യാപിത ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നു.


പന്ത്രണ്ട്

ഔപചാരിക പാർലമെന്ററി ജനാധിപത്യത്തിൻറെ തകരാറുകൾ അനുഭവത്തിൽ വെളിപ്പെട്ടിട്ടുണ്ട്. അധികാരനിയോഗത്തിൽ നിന്നാണ്‌ അവ ഉണ്ടാകുന്നതു്. ജനാധിപത്യം ഫലപ്രദമാകണമെങ്കിൽ അധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കണം. വല്ലപ്പോഴുമല്ല, അനുദിനം ജനങ്ങൾക്ക്‌ പരമാധികാരം പ്രയോഗിക്കാൻ വഴിയുണ്ടായിരിക്കണം. അണുപ്രായരായിത്തീർന്ന പൌരന്മാരായ വ്യക്തികൾ  ഫലത്തിൽ മിക്കവാറും എല്ലായ്പ്പോഴും ദുർബലന്മാരായിരിക്കും. അവർക്ക് തങ്ങളുടെ പരമാധികാരം പ്രയോഗിക്കാനും രാഷ്ട്രയന്ത്രത്തെ സ്ഥിരമായി നിയന്ത്രിക്കാനും ഒരു മാർഗ്ഗവുമില്ല.


പതിമൂന്ന്


ഔപചാരിക പാർലമെന്ററി ജനാധിപത്യത്തിൻ കീഴിൽ ലിബറലിസം അയഥാർത് ഥീകരിക്കപ്പെടുകയോ അപഹാസ്യമാക്കപ്പെടുകയോ ചെയ്തിരിക്കുന്നു. മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിനുള്ള നിയമപരമായ അനുവാദ പ്രമാണം മാത്രമാണ്‌ ലെയ്സെ ഫെയർ (laissez faire) സിദ്ധാന്തം. വ്യക്തിവാദത്തിൻറെ വിമോചനപരമായ സിദ്ധാന്തത്തെ സാമ്പത്തിക മനുഷ്യൻ എന്ന  സങ്കൽപ്പം നിഷേധിക്കുന്നു. സാമ്പത്തിക മനുഷ്യൻ അടിമയോ അടിമയുടെ ഉടമയോ ആയിരുന്നേ പറ്റൂ. ഈ അധമ സങ്കൽപ്പത്തിൻറെ സ്ഥാനത്ത്  വാസനാപരമായി യുക്തിബോധമുള്ളവനും  യുക്തിബോധമുള്ളതിനാൽ ധാർമ്മികനുമായ ജീവി എന്ന യാഥാർത്ഥ്യം പ്രതിഷ് ഠിക്കപ്പെടണം. ധാർമ്മികത മനസ്സാക്ഷിയോടുള്ള നിവേദനമാണ് ; മനസ്സാക്ഷിയാകട്ടെ പരിത:സ്ഥിതിയെ ക്കുറിച്ചുള്ള വാസനാപരമായ ബോധവും അതിൻറെ നേരെയുള്ള പ്രതികരണവുമാണ് . ബോധത്തിന്റെ തലത്തിലുള്ള യാന്ത്രിക - രാസ വിശദീകരണ വിധേയമായ ജീവശാസ്ത്ര ധർമ്മമാണ് (mechanistic biological function on the level of consciousness) അതു് . അതുകൊണ്ട് അതു് യുക്തിപരവുമാണ്‌.

പതിന്നാല്

പാർലമെന്ററി ജനാധിപത്യത്തിനു പകരം വയ്ക്കേണ്ടത് എകാധിപത്യമല്ല. അധികാരമില്ലാത്ത അണുപ്രായരായ പൌരന്മാരുടെ ഔപചാരിക ജനാധിപത്യത്തിനു പകരം വരേണ്ടത് സംഘടിത ജനാധിപത്യമാണ്. രാജ്യമാസകലം വ്യാപിച്ചു കിടക്കുന്ന ജനകീയ സമിതികൾ രൂപം നല്കുന്ന സംഘടിത ജനാധിപത്യത്തിൻറെ അടിത്തറയിന്മേൽ പടുത്തുയർത്തിയ ഒരു പിരമിഡ് ശില്പം പോലെയുള്ള രാഷ്ട്രത്തിൻറെ മേലറ്റമായിരിക്കണം പാർലമെന്റ്. സമൂഹത്തിൻറെ രാഷ്ട്രീയ സംഘടന  (ഭരണകൂടം ,the State) മുഴുവൻ സമുദായത്തോടും ഏകീഭവിക്കും. തൽഫലമായി രാഷ്ട്രം എല്ലായ്പോഴും ജനകീയ നിയന്ത്രണത്തിൽ ആയിരിക്കും.  ( തുടരും )


( ഭാഷാന്തരം : പ്രൊഫ . തോമസ്‌  മാത്യു )


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.