2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഈ രാജകുമാരിമാരെ രക്ഷിക്കുവാൻ സഹായിക്കുക


കഴിഞ്ഞ പതിമൂന്നു വർഷമായി സഊദി അറേബ്യയിലെ ജിദ്ദയിൽ രാജകൊട്ടാരത്തിൻറെ  അനുബന്ധ  കെട്ടിടത്തിൽ നാല് രാജകുമാരിമാർ  വീട്ടു തടങ്കലിലാണ്. അബ്ദുല്ല രാജാവിൻറെ സ്വന്തം പെണ്‍മക്കളാണ്  ഇങ്ങനെ പുറംലോകവുമായി ബന്ധപ്പെടാൻ പ്രയാസകരമായ ഒരു സാഹചര്യത്തിൽ നിർബന്ദ്ധിത തടങ്കലിൽ ദീർഘകാലമായി കഷ്ടപ്പെടുന്നത്‌. രാജാവിന്റെ അനുമതി മാത്രമല്ല അവരുടെ അർദ്ധ സഹോദരന്മാരായ മിതാബ് (സഊദി നാഷണൽ ഗാർഡിന്റെ വകുപ്പു മന്ത്രി), അബ്ദുൽ അസീസ്  (വിദേശകാര്യ  ഉപമന്ത്രി) എന്നിവരുടെ ശക്തമായ നിലപാടുകളും  ഈ ദുഷ്ക്കർമ്മത്തിനു പിന്നിലുണ്ട്. മൂത്ത സഹോദരി സഹറിന് നാൽപ്പത്തി രണ്ടു വയസ്സ് പ്രായമുണ്ട്. ഈ പെണ്മക്കളെ പഠിക്കാനോ, ജോലി ചെയ്യാനോ, കുടുംബ ജീവിതത്തിനോ അമ്മയെക്കാണാൻ യാത്ര ചെയ്യാനോ   അനുവദിക്കുന്നില; അവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട്  ക്രൂരമായ അടിച്ചമർത്തൽ നയമാണ് സ്വീകരിച്ചിരിക്കുന്നത്. മുഴുവൻ സമയവും നിരീക്ഷണത്തിൽ കഴിയുന്ന അവർക്ക് ശരിയായ വൈദ്യ ശുശ്രൂഷ പോലും സാദ്ധ്യമാകില്ല.


അവരുടെ മാതാവ്  അലനൂദ്  അൽഫായിസ് ന്  അൻപത്തേഴു വയസ്സു പ്രായമുണ്ട് ; രാജാവിനു എണ്‍പത്തൊൻപതും. ജോർഡാൻകാരിയായ അവർക്ക്  ഒരു മകൻ ഉണ്ടായില്ല എന്നത്  അദ്ദേഹത്തിന്റെ അപ്രിയത്തിനു ഹേതുവാണെന്നു കരുതപ്പെടുന്നു. 1980 ൽ അവർ വിവാഹ മോചിതയാകുകയും 2001 ൽ ലണ്ടനിലേക്ക്  രക്ഷപ്പെടുകയും ചെയ്തു. രാജ്യത്തു നിലവിലുണ്ടായിരുന്ന ദാരിദ്ര്യം, അനീതികൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്  പിതാവിനോട്  നടത്തിയ വിമർശനങ്ങളും ചില കാര്യങ്ങളിൽ ഉണ്ടായ ഇടപെടലുകളും രാജകുമാരിമാർക്കെതിരായ അമർഷത്തിനു നിദാനമാണെന്നു വിദേശത്തുള്ള അവരുടെ അനുഭാവികൾ വ്യക്തമാക്കുന്നു.


ഹല, മഹ എന്നീ  രണ്ടു രാജകുമാരിമാരുടെ സ്ഥിതി എന്താണെന്ന്  ആർക്കും അറിയില്ല. ജവഹർ (38) മൂത്ത സഹോദരിയോടൊപ്പമാണ്. രണ്ടു മാസത്തിൽ ഒരു തവണ വീതം സുരക്ഷാ അകമ്പടിയോടെ സാധനങ്ങൾ  വാങ്ങുന്നതിനു പുറത്തു പോകാൻ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ അവരുടെ അവസ്ഥയെ പറ്റി വിദേശ മാധ്യമങ്ങൾക്ക്  വിവരം നല്കി എന്ന കാരണത്താൽ 2014 മാർച്  മദ്ധ്യ ത്തിനു ശേഷം അവരെ പുറത്തു പോകാനോ മറ്റാരെയെങ്കിലും  ഭക്ഷണമോ വെള്ളമോ അവർക്ക് എത്തിച്ചു കൊടുക്കാനോ അനുവദിക്കുന്നില്ല. ദു:സ്സഹമായ ജീവിത സാഹചര്യത്തിൽ അവർ അകാല മരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

പ്രസ്തുത വിവരങ്ങളെല്ലാം ഈയ്യിടെ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും മാത്രമല്ല ബ്രിട്ടീഷ്‌ പാർലമെന്റ്, ഐക്യ രാഷ്ട്ര സഭ യുടെ മനുഷ്യാവകാശ സമിതി തുടങ്ങിയ ഉന്നത പ്രതിനിധി സഭകളിൽ പോലും സഗൌരവം ചർച്ച ചെയ്യപ്പെടുകയുണ്ടായി. സഊദി  രാജാവും ശിങ്കിടികളും അതൊന്നും ചെവിക്കൊള്ളാൻ ഒട്ടും തയ്യാറല്ല. ഈ സാഹചര്യത്തിൽ, മനുഷ്യാവകാശങ്ങളോട് താല്പര്യവും ആദരവും ഉള്ള ലോകമെങ്ങുമുള്ള മുഴുവൻ മനുഷ്യസ്നേഹികളെയും രാജകുമാരിമാരുടെ മോചനത്തിനു വേണ്ടിയുള്ള ഒരു പ്രസ്ഥാനത്തിലേക്ക് ക്ഷണിക്കാനും ലോക രാജ്യങ്ങളുടെ ഭരണാധികാരികളെ ഈ വിഷയത്തിൽ ഇടപെടുവിക്കാനും ഉദ്ദേശിച്ചുകൊണ്ടു ഒരു ഒപ്പ് സമാഹരണ പത്രിക ( ഇ - പെറ്റിഷൻ ) ആരംഭിച്ചിരിക്കുകയാണ്. ഫ്രഞ്ച് ഭാഷയിൽ ആദ്യം പുറത്ത് വന്ന ഇത്‌  സ്പാനിഷ്  ഭാഷയ്ക്ക് പുറമെ ഈയിടെ ഇംഗ് ളീഷ്  ഭാഷയിലും ലഭ്യമാക്കിയിരിക്കുന്നു.


ദയവായി ഇംഗ്ളീഷിലുള്ള ഈ പെറ്റിഷനിൽ ഒപ്പ് വെച്ചും വിവരം സുഹൃത്തുക്കൾക്കും സഹകരിപ്പിക്കേണ്ട  മുഴുവൻ ആളുകളിലേക്കും  എത്തിച്ചും പ്രസ്തുത സംരംഭം വിജയിപ്പിക്കണമെന്നു അഭ്യർത്ഥിക്കുകയാണ്.

സഹകരണത്തിനു മുൻകൂറായി നന്ദി പ്രകാശിപ്പിക്കുന്നു.