2014, ജൂൺ 23, തിങ്കളാഴ്‌ച

നവമാനവികത – സ്വാതന്ത്ര്യത്തിൻറെ ദർശനം



കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഭാരതവും ലോകം ആകെത്തന്നെയും പ്രയാസമേറിയ ഒരു സന്ധിയെ അഭിമുഖീകരിച്ചു നിൽക്കുമ്പോൾ വേറിട്ടൊരു വഴി കണ്ടെത്തിയ അസാധാരണ ദാർശനികൻ ആണ് എം. എൻ. റോയ് . ഒരുവശത്ത്‌ ഫാസിസവും മറുവശത്ത് സമഗ്രാധിപത്യവും ഭൗതികവും സാംസ്കാരികവുമായ അധിനിവേശത്തിനു ശ്രമിക്കുമ്പോൾ നവമാനവികത എന്ന ശാസ്ത്രീയവും യുക്തിസഹവുമായ ഒരു ദാർശനിക പദ്ധതി അവതരിപ്പിച്ച എം. എൻ. റോയ് ചരിത്രപരമായ കാരണങ്ങളാൽ ഇപ്പോഴും ബുദ്ധിജീവികൾക്കിടയിൽ മാത്രമാണു് കാര്യമായി ചർച്ച ചെയ്യപ്പെടുന്നത് .
1887 മാർച്ച്‌ 21 ന് ബംഗാളിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു . യഥാർത്ഥ നാമം നരേന്ദ്രനാഥ ഭട്ടാചാര്യ എന്നായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ആയുധം ശേഖരിക്കാൻ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ഥ പേരുകളിൽ സഞ്ചരിക്കേണ്ടിവന്ന ഈ മനുഷ്യൻറെ ജീവിതവും ആശയങ്ങളും സ്വാതന്ത്ര്യം പരമ പ്രധാനം ആണെന്നു വിശ്വസിക്കുന്ന ഏവരും അത്ഭുദാദരങ്ങളോടെയാണ് വായിക്കുകയും സ്വായത്തമാക്കുകയും ചെയ്യുക. സ്വാതന്ത്ര്യത്തിന്റെ ദർശനം എന്നാണ് അദ്ദേഹത്തിന്റെ ഇരുപ്പത്തിരണ്ടു തീസീസുകളെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്.
എം. എൻ. റോയ് അന്തരിച്ചിട്ട് 60 വർഷം കഴിഞ്ഞു (1954 ജനുവരിയിലായിരുന്നു അന്തരിച്ചത് ). അദ്ദേഹത്തിന്റെ ദാർശനിക പദ്ധതിക്ക് 66 വർഷത്തിലേറെ പഴക്കമുണ്ട്. ഈ ദർശനത്തിന്റെ പ്രയോഗ സാധ്യത വ്യാപകമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. മനുഷ്യസ്വാതന്ത്ര്യത്തിനുവേണ്ടി ഉയർത്തപ്പെടുന്ന ആശയങ്ങളോട് മുഖംതിരിച്ചു നില്ക്കുന്ന സാംസ്കാരിക സാഹചര്യം ഇന്നും ആഴത്തിൽ വേരുറച്ച് വ്യാപകമായി പടർന്നു നില്ക്കുന്നു. ഈ സാഹചര്യം, പ്രതിരോധം തീർക്കുന്ന പ്രധാന ഘടകം എന്നപൊലെത്തന്നെ, പ്രസ്തുത ദർശനം ഇനിയെങ്കിലും പരീക്ഷിക്കപ് പെടെണ്ടതാണെന്ന അനിവാര്യതയും നമ്മെ ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമാണ് . തൻറെ ലോകത്തെ മാറ്റിമറിക്കേണ്ടതും പുതുക്കിപ്പണിയേണ്ടതും താൻ തന്നെയാണ് എന്ന് ഉണർത്തുന്നതിലൂടെ മനുഷ്യ മോചനത്തിന്റെ യുക്തിസഹമായ പാതയായി ഇതിനെ തിരിച്ചറിയുന്ന വ്യക്തികൾ തങ്ങളുടെ സ്വന്തം ജീവിതത്തെ പ്രായോഗികമായി പ്രകാശപൂരിതമാക്കുന്ന ഒന്നായി ഈ ദർശനത്തെ സോത്സാഹം സ്വീകരിക്കുന്നു. വ്യതിരിക്തത ഒരു യാഥാർത്ഥ്യമായി അംഗീകരിക്കുന്നതിനു പകരം ജാതി, മതം, വർഗം തുടങ്ങിയ സമഷ്ടി രൂപങ്ങൾക്കും സംഘടിത ശക്തിക്കും സവിശേഷമായ ‘അഹംബോധം’ ഉണ്ടെന്ന അന്ധവിശ്വാസത്തിനു വിധേയമാക്കി ആളുകളെ ചട്ടുകങ്ങളും യന്ത്രങ്ങളിൽ ഘടിപ്പിച്ച ചക്രങ്ങളുടെ പല്ലുകൾ പോലുള്ള ഉപകരണങ്ങളുമാക്കി മാറ്റുന്ന സകല അടഞ്ഞ പദ്ധതികളെയും ഈ ദർശനം നിരാകരിക്കുന്നു. അങ്ങനെയുള്ള പദ്ധതികളിലെല്ലാം ഉൾക്കൊണ്ടിരിക്കുന്ന ‘മതകീയ’ പ്രവണതകളെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കുമ്പോഴേ വ്യക്തികൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നുള്ളു.
യൂറോപ്യൻ ജ്ഞാനോദയത്തിലേക്ക് നയിച്ച നവോത്ഥാന മാനവികതയുടെ ചരിത്രം ശാസ്ത്രീയമായി അപഗ്രഥന വിധേയമാക്കിയതിൻറെ ഫലമായി മനുഷ്യജീവിതത്തിൻറെ വ്യക്തിപരവും രാഷ്ട്രീയമടക്കം സാമൂഹ്യവുമായ എല്ലാ രംഗങ്ങളെയും ഉറച്ച ഒരസ്ഥിവാരത്തിൽ പുതുതായി പണിതുയർത്താൻ പ്രാപ്തമാക്കുംവിധം വ്യക്തമായ ഒരു ദാർശനിക സമീപനം ആണ് നിർദ്ദേശിക്കപ്പെടുന്നത്. പുതിയ അറിവിൻറെ വെളിച്ചത്തിൽ, ഇപ്പോൾ അന്ധകാരം നിലനിർത്താൻ മാത്രം സഹായിക്കുന്ന പഴയ ധാരണകൾ ഉപേക്ഷിക്കേണ്ടതാണെന്നും സദാ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന ഊർജ്ജസ്വലമായ ഒരു ജീവിത പദ്ധതിയാണ് നമ്മെയെല്ലാം ചൂഴ്ന്നു നില്ക്കുന്ന ഇന്നത്തെ പ്രതിസന്ധികൾക്ക് പരിഹാരം എന്നും അദ്ദേഹം നിരന്തരമായി ഉദ്ബോധിപ്പിച്ചു. അതിനാലാണ് പല റാഡിക്കൽ ഹ്യൂമനിസ്റ്റുകളും തങ്ങളുടെ മുഖ്യമായ ഒരു പ്രവർത്തന മേഖലയായി യുക്തിവാദ പ്രചരണ രംഗത്തെ പരിഗണിക്കുന്നത്.
ഇന്നും നവമാനവികതയുടെ ഇരുപത്തിരണ്ടു തീസീസുകളും പ്രസക്തമാണ് എന്നു വിശ്വസിക്കുന്ന റാഡിക്കൽ ഹ്യൂമനിസ്റ്റുകൾ, ഇടയ്ക്കിടെ തങ്ങളുടെ ദർശനത്തിന് ശാസ്ത്ര, ദാർശനിക രംഗങ്ങളിൽ നിന്ന് സാരമായ വെല്ലുവിളികൾ ഉയർന്നു വരുന്നുണ്ടോ എന്നും, ഇപ്പോഴും അത് പ്രസക്തമാണോ എന്നും തങ്ങൾക്കിടയിൽ തന്നെ വിമർശനാത്മകമായി ചർച്ച നടത്തി, ആശയവ്യക്തത നേടാറുണ്ട്. 1994 ഏപ്രിൽ മാസത്തിൽ (റോയ് മരിച്ച് 40 വര്ഷം കഴിഞ്ഞ് ) ജസ്റ്റിസ് വി. എം. താർക്കുണ്‍ഡെയും അടുത്തകാലത്ത് ഡോക്ടർ രേഖ സാരസ്വതും റാഡിക്കൽ ഹ്യൂമനിസ്റ്റ് മാസികയിലൂടെ നടത്തിയ ശ്രമങ്ങൾ സ്മരണീയമാണ്. ആധുനിക ശാസ്ത്രത്തിൻറെ സുസ്ഥാപിത സിദ്ധാന്തങ്ങൾക്കു നിരക്കുന്ന ഒരു ദാർശനിക പദ്ധതി മാത്രമെ തങ്ങൾക്ക് സ്വീകരിക്കാനാകൂ എന്ന ഈ പ്രശംസാർഹമായ കരുതൽ നവമാനവികതയെ യുക്തിവാദികൾക്ക് ആകർഷകമായ ഒരു ദർശനമായി സ്വീകാര്യമാക്കുന്നു.
വർഗം, വംശം, ലിംഗം, മതം തുടങ്ങിയ അടിസ്ഥാനങ്ങളിൽ ഉയർത്തപ്പെടുന്ന സ്വത്വ ധാരണകൾ അല്ല, മറിച്ചു വ്യക്തിയിൽ സ്വത:സിദ്ധമായ, ചിലപ്പോൾ സുപ്തമായിരിക്കുന്ന യുക്തിബോധമാണ് യഥാർത്ഥ ചാലക ശക്തി. ഈ യാഥാർത്ഥ്യം ബോദ്ധ്യപ്പെടുന്നതോടെ തൻറെ ലോകം നിർമ്മിക്കേണ്ടത് താൻ തന്നെയാണെന്ന തിരിച്ചറിവ് വ്യക്തികളിൽ വളർന്നു വരുന്നു. ജീവപരിണാമത്തിന്റെ ഫലമായി വളർന്നു വികസിച്ച കഴിവുകളാണ് സ്വാതന്ത്ര്യം, യുക്തിവാദം, സ്വയാവലംബിത ധാർമ്മികത എന്നീ മൂല്യങ്ങളിൽ ഉറച്ചു നിൽക്കാൻ ജ്ഞാനോദയം ലഭിച്ച മനുഷ്യരെ പ്രാപ്തരാക്കുന്നത്. അതിനാൽ, സാമൂഹ്യവും ധാർമികവുമായ മൂല്യങ്ങളുടെ സ്രോതസ്സ് ദൈവപ്രോക്തങ്ങളോ പ്രകൃത്യാതീതങ്ങളൊ ഒക്കെ ആണെന്ന വിധത്തിൽ ഉയർത്തപ്പെടുന്ന സകല അന്ധവിശ്വാസങ്ങളെയും നിരാകരിക്കാൻ ഈ ദർശനം നമ്മെ പ്രാപ്തരാക്കുന്നു.
സർവ്വതല വ്യാപിയായ അപചയങ്ങളുടെ ദൈനംദിനമുയരുന്ന വാർത്തകളിൽ പ്രകമ്പനംകൊള്ളുന്ന കേരളത്തിന്റെ സാംസ്കാരിക രംഗം നവീനമായൊരു ദർശനവും അത് നല്കുന്ന സാംസ്കാരിക പന്ഥാവും അന്വേഷിക്കുകയാണ്. പുകഴ്ത്തിപ്പാടി പഴകിയ പ്രത്യയശാസ്ത്രങ്ങൾ വഞ്ചനയുടെയും ധാർമ്മിക മൂല്യങ്ങളുടെ തിരസ്കാരത്തിന്റെയും കഥകളാണ് അവശേഷിപ്പിക്കുന്നത്. ഈ തിരിച്ചറിവ് തുടർ ചിന്തകളുടെ ഫലമായി രൂപപ്പെടുന്ന വേറിട്ട ദാർശനിക പദ്ധതികളുടെ പരിശോധനയിലേക്ക് ചിന്താലോകത്തെ നയിക്കുന്നു. കനത്ത വില നൽകേണ്ടിവന്ന അനുഭവങ്ങൾക്കു ശേഷം, ഫാസിസത്തിനും സമഗ്രാധിപത്യത്തിനും ഇടയിൽ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നവീനവും ശാസ്ത്രീയ ജ്ഞാനത്താൽ പ്രബോധിതവുമായ ഒരു ദാർശനിക പാത നിർമ്മിച്ചെടുക്കാൻ ഭാരതത്തിലെ യുക്തിവാദികളിൽ അദ്വിതീയനായ എം. എൻ. റോയ്‌ ക്ക് കഴിഞ്ഞു. അദ്ദേഹം രൂപപ്പെടുത്തിയ ‘ഇരുപത്തിരണ്ടു തീസീസുകൾ’ വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
കേരളത്തിൻറെ ഇന്നത്തെ പരിതസ്ഥിതിയിൽ സാർത്ഥകവും പ്രസക്തവും ആണെന്ന് മാത്രമല്ല, യുക്തിവാദത്തെ അടിസ്ഥാനമാക്കിയ ഏക ദർശന പദ്ധതിയാണ് നവമാനവികത എന്ന വസ്തുത കൂടി ഒരു പുതിയ പ്രബോധോദയത്തിനു വേണ്ടി അനവരതം പരിശ്രമിക്കുന്ന വിപ്ളവകാരികളെ അറിയിക്കാൻ ഏറെ അഭിമാനമുണ്ട്.

(ഇതേ തലക്കെട്ടിൽ മാർച്ച് 2011 ൽ യുക്തിരാജ്യം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം നേരിയ മാറ്റങ്ങളോടെ പുന:പ്രസിദ്ധീകരിക്കുകയാണ്.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.